മുംബൈ: കിഴക്കൻ മധ്യ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ചുഴലിക്കാറ്റ് ‘ബൈപാർജോയ്’ ഗുജറാത്ത്തീരത്തേക്ക് നീങ്ങുന്നു. ശക്തമായ ചുഴലിക്കാറ്റായി ജൂൺ 15ന് പാകിസ്ഥാൻ, സൗരാഷ്ട്ര, കച്ച് തീരങ്ങൾക്ക് സമീപമെത്തുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്ത മൂന്ന്-നാല് ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 160 കി.മീറ്റർ വരെയെത്തുമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുജറാത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മിന്നലുണ്ടായേക്കും. സൗരാഷ്ട്ര, കച്ച് തീരങ്ങൾ ബുധനാഴ്ച വരെ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ തീരത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.
കാറ്റ് മഹാരാഷ്ട്ര തീരത്ത് നിന്ന് 500 കി.മീ അകലെ കടന്നുപോകുന്നതിനാൽ മുംബൈയിലുൾപ്പെടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സിന്ധിലെയും ബലൂചിസ്ഥാനിലെയും അധികൃതരോട് ജാഗ്രത പാലിക്കാൻ പാകിസ്താൻ സർക്കാറും നിർദ്ദേശിച്ചിട്ടുണ്ട്.