ആലപ്പുഴ: കൈക്കൂലി വാങ്ങവേ ആർ ടി ഒ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷാണ് പിടിയിലായത്. ദേശീയ പാത നിർമാണത്തിൻ്റെ ഉപകരാറുകാരനിൽ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്‍റെ രണ്ട് വാഹനങ്ങൾ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നുയ ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്.
അതേസമയം, വയനാട്ടില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പ്രവീന്ദർ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.
നേരത്തെ ഒരു കരാറുകാരൻ നികുതിയായി 9 ലക്ഷം രൂപ അടച്ചിരുന്നു. ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജിഎസ്‌ടി വകുപ്പ് നോട്ടീസ് നൽകി. അത്രയും തുക അടയ്‌ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശ വാദം. ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയാൽ നികുതി കുറച്ച് തരാമെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്. ഇക്കാര്യം കരാറുകാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ പണവുമായി ഇന്ന് പർവീന്തർ സിങിനെ കാണാൻ കരാറുകാരൻ എത്തി. കരാറുകാരന്റെ പക്കൽ നിന്ന് പണം പർവീന്തർ സിങ് കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.