ഒഡീഷ ട്രെയിൻ ദുരന്തം: അന്വേഷണം ഊർജ്ജിതമാക്കി സിബിഐ, 5 പേർ കസ്റ്റഡിയിൽ

news image
Jun 13, 2023, 2:53 am GMT+0000 payyolionline.in

ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, 81 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുള്ളതായി സർക്കാർ അറിയിച്ചു. ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഏകദേശം 278 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവൻ നഷ്ടമായത്.

1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിൻ ദുരന്തത്തിൽ നാലു മലയാളികളും ഉൾപ്പെട്ടിരുന്നു. പരിക്കേറ്റ മലയാളികൾ കൊച്ചിയിൽ തിരികെയെത്തിരുന്നു. തൃശ്ശൂർ സ്വദേശികളായ കിരൺ, ബിജീഷ്, വൈശാഖ്, രഘു എന്നിവരാണ് നോർക്കയുടെ സഹായത്തോടെ വിമാനമാർഗം കൊച്ചിയിലെത്തിയത്. ക്ഷേത്ര നിർമ്മാണ ജോലിക്കായിട്ടായിരുന്നു ഇവർ കൊൽക്കത്തയിൽ പോയത്. തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവർ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരികെ കിട്ടിയതെന്ന് ഇവർ പറഞ്ഞു.

അതേസമയം, ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്കൂൾ കെട്ടിടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചതിന് പിന്നാലെ കുട്ടികൾ സ്കൂളിൽ വരില്ലെന്ന് അറിയിച്ചതോടെയാണ് കെട്ടിടം പൊളിക്കാൻ തീരുമാനമായത്. സ്കൂളില്‍ മൃതദേങ്ങള്‍ സൂക്ഷിച്ചതിനാല്‍ പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാർഥികളും അധ്യാപകരും അറിയിച്ചു. ജൂൺ 16നാണ് വേനൽക്കാല അവധിക്ക് ശേഷം സ്കൂള്‍ തുറക്കുക. ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ബഹനാഗ നോഡൽ ഹൈസ്‌കൂളിലാണ് ആദ്യം സൂക്ഷിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe