കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ നിന്ന് നീക്കിയത് എട്ട് ക്വിന്റൽ മീൻ

news image
Jun 13, 2023, 5:11 am GMT+0000 payyolionline.in
കോഴിക്കോട്:  തളിക്ഷേത്രക്കുളത്തിൽനിന്ന് തിങ്കൾ രാവിലെ കോർപറേഷൻ  ജീവനക്കാർ നീക്കിയത് എട്ട് ക്വിന്റൽ മീൻ. ഞായർ രാവിലെയാണ് തളിക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയത് ദേവസ്വം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ചത്തമീനുകളെ നീക്കിയെങ്കിലും തിങ്കൾ രാവിലെ കൂടുതൽ മീനുകൾ ചത്തുപൊങ്ങി. ഇതോടെ കോർപറേഷൻ ജീവനക്കാരും ദേവസ്വം ഉദ്യോ​ഗസ്ഥരും എത്തി.
ദേവസ്വം ഏർപ്പെടുത്തിയ തോണിയിൽ കുളത്തിന്റെ മധ്യഭാ​ഗത്തും വശങ്ങളിലും അടിഞ്ഞവ  പ്രത്യേക വല ഉപയോഗിച്ച് നീക്കി. കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ എം ​ഗോപകുമാർ, ജെഎച്ച്ഐമാരായ സുജിത്ത്, ശ്രീജിത്ത് എന്നവരുടെ നേതൃത്വത്തിലാണ് മീനുകളെ നീക്കിയത്.
ചത്തത് വളർത്തുമീനുകളായ തിലോപ്പിയ 
തളി ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചത്തത് ഭക്ഷ്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന തിലോപ്പിയ ഇനത്തിലുള്ള മീനുകൾ മാത്രമാണ്‌ എന്ന്‌ കണ്ടെത്തി. കുളത്തിലെ മറ്റു ചെറു മത്സ്യങ്ങൾക്ക്  പ്രശ്നമൊന്നുമില്ലാത്തതിനാൽ വെള്ളത്തിന് കുഴപ്പമില്ല എന്നാണ്  നി​ഗമനം. വെള്ളത്തിന്റെ പരിശോ​ധനാ ഫലം ചൊവ്വാഴ്‌ച വരുമെന്നാണ്‌ പ്രതീക്ഷ.
എങ്ങനെയോ കുളത്തിൽ എത്തപ്പെട്ട തിലോപ്പിയ  മത്സ്യങ്ങൾ പിന്നീട് പെറ്റുപെരുകുകയായിരുന്നുവെന്ന്‌ കരുതുന്നു.  നാടൻ മത്സ്യങ്ങൾക്ക്‌ കുഴപ്പമൊന്നുമില്ലാത്തതിനാൽ  തിലോപ്പിയ മീനുകൾക്ക് മാത്രമായുള്ള രോ​ഗമാവാനാണ് സാധ്യത. ചത്ത മീനുകളുടെ സാമ്പിൾ എറണാകുളത്തെ ഫിഷറീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. കുളത്തിൽനിന്ന്‌ ദുർഗന്ധം വരുന്നതിനാൽ കുറച്ച് വെള്ളം ഒഴുക്കിക്കളയേണ്ടിവരുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ  പി എം മനോജ്കുമാർ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe