കോഴിക്കോട് : നവീകരണം നടക്കുന്ന സിഎച്ച് മേൽപ്പാലം ചൊവ്വാഴ്‌ച മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ് അടയ്‌ക്കുന്നത്. രണ്ടുമാസത്തേക്ക് യാത്രനിരോധിക്കും. യാത്രാ റൂട്ടുകളിൽ മാറ്റം വരും.
● മാനാഞ്ചിറ ടൂ വേ ആകും
മാനാഞ്ചിറ ആദായ നികുതി ഓഫീസിന് മുന്നിലെ റോഡ് ടു വേ ആകും. മാവൂർ റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ എസ്‌ബിഐക്ക് മുന്നിലൂടെ മാനാഞ്ചിറ റോഡിൽ പ്രവേശിക്കണം. ടൗൺ ഹാൾ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇടതുവശം ചേർന്ന് പോകണം. ജിഎസ്‌ടി ഭവനുമുന്നിലെ ബസ്‌സ്‌റ്റോപ്പ് താൽക്കാലികമായി മാറ്റും. യാത്രക്കാർ ബിഇഎം സ്‌കൂളിന് മുന്നിൽനിന്ന് ബസ് കയറണം. ടു വേ ആക്കുന്നതിന്റെ ഭാഗമായി ഇവിടെ ടാർ വീപ്പകൾ സ്ഥാപിച്ചു. ഗതാഗത ക്രമീകരണത്തിന് സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
● മേലേ പാളയം റോഡ് വൺവേ പാളയം ജങ്‌ഷനിൽനിന്ന് കമ്മത്ത്‌ലൈൻ റോഡിലേക്ക് പ്രവേശനം ഉണ്ടാകില്ല. ജില്ലാ കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എൽഐസി ജങ്‌ഷൻ, വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാംഗേറ്റ് കടന്നുപോകണം. പന്നിയങ്കര, മാങ്കാവ് ഭാഗങ്ങളിൽനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് ഫ്ലൈ ഓവർ കയറി പോകണം.
● 14 ഇടത്ത് ട്രാഫിക് പോയിന്റുകൾ
14 പോയിന്റുകളിൽ ട്രാഫിക് ഡ്യൂട്ടി ഏർപ്പെടുത്താനാണ് ആലോചന. ഒരു പോയിന്റിൽ ഒരു സമയം രണ്ടുപേർ വേണം. രാത്രിയും പകലുമായി നാലുപേർ വേണം. 60 ട്രാഫിക് പൊലീസുകാരെയും 60 വളന്റിയർമാരെയും അധിക ഡ്യൂട്ടിക്ക് നിയോഗിക്കും.
● റെയിൽവെ ക്രോസിങ്ങിൽ കരുതൽ വേണം
മേൽപ്പാലം അടയ്‌ക്കുന്നതോടെ റെയിൽവെ ലൈൻ ക്രോസ് ചെയ്‌തുള്ള കാൽനടയാത്രക്കാരുടെ എണ്ണം വർധിക്കും. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്ന ആശങ്ക അധികൃതർക്കുണ്ട്.