മട്ടന്നൂർ : നെല്ലൂന്നിയിൽ വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമിച്ച രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആയുധങ്ങളുമായി പൊലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം വി വൈശാഖ് (31), പെരിഞ്ചേരി സ്വദേശി വി ജ്യോതിഷ് (32) എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജ്യോതിഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇവരിൽനിന്ന് വടിവാളും ഇരുമ്പ് പൈപ്പും പിടികൂടി.
കഴിഞ്ഞ ഒമ്പതിന് വൈകീട്ട് നെല്ലൂന്നി-ബാവോട്ടുപാറ റോഡിൽവച്ച് മട്ടന്നൂര്‍ പഴശ്ശിരാജാ കോളേജ് വിദ്യാർഥി താഴെപഴശ്ശിയിലെ അജ്‌മലിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. കോളേജ് വിട്ട് വൈകീട്ട് അഞ്ചോടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്ന അജ്‌മലിനെ ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗ ക്രിമിനല്‍സംഘം ബൈക്കിൽനിന്ന് ചവിട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. വടിവാൾകൊണ്ട് തലയ്ക്കാണ് ആദ്യം വെട്ടിയത്. കൈകൊണ്ട് തടഞ്ഞ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ അജ്‌മലിന് കാലിന് വെട്ടേറ്റു. പിന്നീട് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സ തേടി. അജ്‌മലിന്റെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. മട്ടന്നൂർ ഇന്‍സ്‌പെക്‌ടര്‍ കെ വി പ്രമോദ്, പ്രിൻസിപ്പല്‍ എസ്ഐ യു കെ ജിതിൻ, എസ്ഐ പി പി അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ നെല്ലൂന്നിയിൽ ഒളിവിൽ കഴിയവേ ഓടിച്ചിട്ട് പിടികൂടിയത്.
ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലം പറഞ്ഞ് പൊലീസിനെ കുഴപ്പിച്ചെങ്കിലും വൈശാഖിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ജ്യോതിഷിന്റെ വീടിന് സമീപം കുറ്റിക്കാട്ടിൽ തുണിയിൽ ഒളിപ്പിച്ച നിലയിൽ വടിവാളും ഇരുമ്പ് പൈപ്പും കണ്ടെത്തിയത്. സംഭവത്തിൽ ഒരു പ്രതി ഒളിവിലാണ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. എഎസ്ഐ ക്ഷേമൻ, രജനീഷ്, രജിത്ത്, പ്രമോദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.