ചെന്നൈ: അറസ്റ്റിലായ മന്ത്രി സെന്തിൽ വി.ബാലാജിയുടെ വകുപ്പുകൾ കൈമാറാൻ ഗവർണർ ആർ.എൻ.രവി അനുമതി നൽകി. വൈദ്യുതിവകുപ്പ് തങ്കം തെന്നരശനും എക്സൈസ് മുത്തുസ്വാമിക്കും കൈമാറും. അതേസമയം വകുപ്പില്ലാമന്ത്രിയായി സെന്തിൽ വി.ബാലാജിക്ക് തുടരാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി. ഇതോടെ സെന്തിൽ വി.ബാലാജി രാജിവയ്ക്കണമെന്ന നയമാണ് ഗവർണർ വ്യക്തമാക്കുന്നത്.
വകുപ്പുകൾ കൈമാറാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നൽകിയ ശുപാർശ ഗവർണർ തള്ളിയിരുന്നു. സെന്തിൽ ചികിത്സയിലായതിനാൽ വകുപ്പ് കൈമാറണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാൻ ഗവർണർ തയാറാകാതിരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം, മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനും ഇഡി നോട്ടിസ് അയച്ചു. സെന്തിലിന്റെ സഹോദരന് അശോക് കുമാറിനും ഇതേ കേസില്‍ തന്നെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. കോഴ സംഭവത്തില്‍ അശോക് കുമാറും ഗുണഭോക്താവാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് അശോക് കുമാര്‍ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ ഇഡി ചൊവ്വാഴ്ചയാണ് മന്ത്രി സെന്തിലിനെ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയെ ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു