ബെംഗളൂരു∙ വിദ്യാർഥിനികളുമൊത്തുള്ള സ്വന്തം അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല വിഡിയോ കോളുകൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
വിദ്യാർഥിനികളുമായി അശ്ലീല വിഡിയോ കോളുകൾ വിളിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ കോളുകൾ റെക്കോർഡ് ചെയ്ത ശേഷം അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായിരുന്നു പ്രതീകിന്റെ രീതി. ഈ വിഡിയോ ദൃശ്യങ്ങൾ വച്ച് വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ എസ്പി ജി.കെ.മിഥുൻ കുമാർ പറഞ്ഞു.
അതേസമയം, ഇയാൾക്കെതിരെ ജനുവരിയിൽ അച്ചടക്ക നടപടി സ്വീകരിച്ചതായും തങ്ങൾ തന്നെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ഒരു വിഭാഗം എബിവിപി നേതാക്കൾ അവകാശപ്പെട്ടു.