വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യ കുറ്റക്കാരിയെന്ന് അന്വേഷണ റിപ്പോർട്ട്

news image
Jun 21, 2023, 3:20 am GMT+0000 payyolionline.in

പാലക്കാട് ∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവു കെ.വിദ്യ കുറ്റക്കാരിയാണെന്നു കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. വിദ്യ സമർപ്പിച്ച പ്രവൃത്തിപരിചയ രേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോർട്ട് നൽകിയതായും വിവരമുണ്ട്. അട്ടപ്പാടി ഗവ. കോളജിൽ 16നു പരിശോധന നടത്തിയ സംഘമാണ് ഇന്നലെ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കു പ്രത്യേക ദൂതൻ വഴി റിപ്പോർട്ട് കൈമാറിയത്.

കോളജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ മൂന്നംഗ സംഘം അട്ടപ്പാടി ഗവ. കോളജിൽ എത്തി പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ.ലാലി വർഗീസിന്റെയും ഇന്റർവ്യൂ പാനലിൽ ഉള്ളവരുടെയും മൊഴി എടുത്തിരുന്നു. പരിശോധനയ്ക്കുശേഷം കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കൈമാറും. ഫയൽ ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെ മേശപ്പുറത്ത് ഉടനെത്തും.

ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനാൽ പൊലീസും ആശയക്കുഴപ്പത്തിലാണ്. അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായശേഷമേ ഉണ്ടാകുവെന്നു മുൻപ് അഗളി പൊലീസ് വ്യക്തമാക്കിയിരുന്നു. വിദ്യയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഇതുവരെ നടത്തിയിട്ടില്ലെന്നും പൊലീസിന്റെ മെല്ലെപ്പോക്ക് ഉന്നതനിർദേശത്തെ തുടർന്നാണെന്നും ആരോപണമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe