നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ 26 അധ്യാപക തസ്തികകൾ: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

news image
Jun 21, 2023, 7:30 am GMT+0000 payyolionline.in

തിരുവനന്തപുരം> നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അധ്യാപക തസ്‌തികകൾ സൃഷ്ടിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. തിരുവനന്തപുരം (3), എറണാകുളം (7), തൃശൂർ (9), കോഴിക്കോട് (7) എന്നിങ്ങനെ 26 തസ്‌തികകളാണ് സൃഷ്ടിക്കുക.

ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ

പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്‌മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.

റവന്യുഭവൻ നിർമ്മാണത്തിന് അനുമതി

റവന്യുഭവൻ നിർമ്മാണത്തിനും ഡോ. എ പി ജെ അബ്‌ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിനും അനുമതി നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവൻ നിർമ്മാണത്തിന് ഉപയോ​ഗിക്കും. 130 സെന്റ് ഭൂമി ഡോ. എ പി ജെ അബ്‌ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനും അനുമതി നൽകി.

സാധൂകരിച്ചു

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള മാർ​ഗനിർദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe