ന്യൂഡൽഹി: വളർത്തു ജന്തുക്കളുടെ ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച ബിൽ ജന്തുസ്നേഹികളുടെയും ഗോരക്ഷകരുടെയും പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ചു. ‘വളർത്തു ജന്തുക്കളുടെയും അവയുടെ ഉൽപന്നങ്ങളുടെയും (ഇറക്കുമതിയും കയറ്റുമതിയും) ബിൽ 2023’ എന്ന് പേരിട്ട കരടിന്മേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടയിലാണ് പിന്മാറ്റം.
സ്വാതന്ത്ര്യലബ്ധിക്കും ഭരണഘടന നിർമാണത്തിനും മുമ്പുള്ളതാണ് നിലവിലെ നിയമം എന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് പുതിയ ബിൽ തയാറാക്കിയത്. 1898ലെ നിയമവും 2001ൽ കൊണ്ടുവന്ന ഭേദഗതിയും അനുസരിച്ചാണ് നിലവിൽ ഇറക്കുമതിയും കയറ്റുമതിയും നടക്കുന്നത്. ഇറക്കുമതി നിയന്ത്രിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കരട് ബില്ലിലുണ്ട്.
നായ്ക്കളെയും പൂച്ചകളെയും കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള വളർത്തുജന്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ മാസം 17 ആയിരുന്നു ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള അവസാന തീയതി.
എന്നാൽ, ജന്തുസ്നേഹികളും പ്രമുഖരും ബില്ലിനെതിരെ ട്വിറ്ററിൽ രംഗത്തുവന്നു. വളർത്തു ജന്തുക്കളെ ചരക്കുകളെന്ന നിലയിൽ കൈകാര്യം ചെയ്യുന്ന ക്രൂര നിയമമെന്ന് മൃഗാവകാശ പ്രവർത്തകർ ആരോപിച്ചു.
അനിയന്ത്രിതമായ കയറ്റുമതിക്കും ഇറക്കുമതിക്കും വഴിവെക്കുമെന്നും തദ്ദേശീയ ജന്തുക്കൾ രാജ്യത്തുനിന്ന് അപ്രത്യക്ഷമാവുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്നു ദിവസമായി ‘സേ നോ ടു ലൈവ് സ്റ്റോക്ക് ബിൽ 2023’ ട്വിറ്ററിൽ ട്രെൻഡിങ്ങായി തുടരുന്നതിനിടയിലാണ് കേന്ദ്ര സർക്കാറിന്റെ പിന്മാറ്റം.
സീനത്ത് അമൻ, കപിൽ ദേവ്, സുനിൽ ഗവാസ്കർ തുടങ്ങിയ സെലിബ്രിറ്റികൾ തൊട്ട് ഗോരക്ഷകരും ജൈന മതനേതാക്കളും വരെ സമൂഹ മാധ്യമങ്ങളിൽ ബില്ലിനെതിരെ രംഗത്തുവന്നു.