തിരുവനന്തപുരം: യുട്യൂബർ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തിൽ ആശങ്കയെന്ന് മന്ത്രി ആർ ബിന്ദു. മുൻകാലങ്ങളിലെ പോലെയല്ല, കുട്ടികൾക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം തൊപ്പി എന്ന പേരിലൊരുത്തൻ വളാഞ്ചേരിയിൽ വന്നപ്പോൾ കുഞ്ഞുങ്ങൾ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങൾ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോൾ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തൊപ്പിയുടെ അറസ്റ്റിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബർ തൊപ്പിയെ വാതിൽ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയിൽ നിന്ന് തൊപ്പിയെന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോൾ അശ്ലീല പരാമർശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാവാൻ തൊപ്പിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വരാൻ പറ്റില്ല എന്നായിരുന്നു മറുപടി. തൊപ്പിയുടെ കൈവശം അശ്ലീല കണ്ടന്റ് ഉണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയിൽ എടുത്തത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. ഒടുവിൽ തുറക്കാനുള്ള ശ്രമത്തിനിടെ വാതിൽ ലോക്കായിപ്പോയി. തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി. ഐടി ആക്ട് പ്രകാരം നേരത്തെ തൊപ്പിക്കെതിരെ കണ്ണൂരിലും കേസുണ്ട്.