ബലി പെരുന്നാൾ: കേരളത്തിലെ കേന്ദ്ര സര്‍ക്കാ‌ർ ഓഫീസുകള്‍ക്ക് അവധി 29ന്, 28ന് നിയന്ത്രിത അവധി

news image
Jun 27, 2023, 12:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ജൂൺ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജൂൺ 28നും 29നും അവധി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. നേരത്തെ, കേരളത്തില്‍ പെരുന്നാൾ അവധി രണ്ട് ദിവസമായിരിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു.

ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. പെരുന്നാള്‍ കണക്കിലെടുത്ത് രണ്ട് ദിവസം അവധി നല്‍കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 29) ആണ് ബലി പെരുന്നാൾ.

അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും  ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചിരുന്നു.

ബാങ്കുകളുടെ അവധി അറിയാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവധിക്കാല പട്ടിക പ്രകാരം  ബക്രീദ് പ്രമാണിച്ച് മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28 ന് ബാങ്കുകൾ അടച്ചിരിക്കും. ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ, രാജസ്ഥാൻ, ജമ്മു, ശ്രീനഗർ, ഉത്തർപ്രദേശ്, ബംഗാൾ, ന്യൂഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ 29 ന് ബാങ്കുകൾക്ക് അവധിയാണ്. മഹാരാഷ്ട്ര, സിക്കിം, ഒറീസ, കേരളം എന്നിവിടങ്ങളിൽ ജൂൺ 29 ന്  ബാങ്കുകൾ അടച്ചിട്ടില്ല. അതേസമയം, മിസോറാമിലും ഒറീസയിലും ജൂൺ 30ന് ബാങ്കുകൾ അടച്ചിടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe