ഒടുവില്‍ ഭാഗ്യം കനിഞ്ഞു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടി സ്വന്തമാക്കി മലയാളി

news image
Jul 4, 2023, 8:00 am GMT+0000 payyolionline.in

അബുദാബി ∙ ഉമ്മുൽഖുവൈനിലെ കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ട് മാനേജരായ മലയാളി മുഹമ്മദലി കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തി–150 ലക്ഷം ദിർഹം, അതായത്   34 കോടിയിലേറെ രൂപ!

അബുദാബിയിലെയും അൽ ഐനിലേയും രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നും ഓൺലൈനായും വാങ്ങുന്ന ബിഗ് ടിക്കറ്റുകളിലൂടെയാണ് മുഹമ്മദലി ഭാഗ്യ പരീക്ഷണം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുക്കാറ്. ഇപ്രാവശ്യവും കൂട്ടുകാരെ ചേർത്തു നിർത്തി ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്.  സമ്മാനത്തുക ഇവരുമായി പങ്കിടുമെന്ന് മുഹമ്മദലി പറഞ്ഞു.

കഴിഞ്ഞ 32 വർഷമായി യുഎഇയിൽ താമസിക്കുന്ന മുഹമ്മദലി തന്‍റെ പങ്ക് ഉപയോഗിച്ച് സ്വന്തമായി ബിസിനസ് ആരംഭിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പറയുന്നു.

നറുക്കെടുപ്പിൽ സമ്മാനാർഹനായ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ മുഹമ്മദലിയെ വിളിച്ചപ്പോൾ അദ്ദേഹം ഫോണെടുത്തെങ്കിലും വലിയ ഒച്ചയാണ് അവിടെ നിന്ന് വരുന്നതെന്നും തനിക്കൊന്നും മനസിലാകുന്നില്ലെന്നും പറഞ്ഞു ഫോൺ കോൾ കട്ടു ചെയ്യുകയായിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ ശേഷം അധികൃതർ വീണ്ടും വിളിച്ചാണ് കോടിപതിയായ വിവരം അറിയിക്കുന്നത്. എന്നാൽ മുഹമ്മദലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഓഗസ്റ്റ് മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലി ഗ്രാൻഡ് പ്രൈസ് ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും 15 ദശലക്ഷം ദിർഹം നേടുകയും ചെയ്യും. മറ്റ് 9 ഭാഗ്യശാലികൾക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും ലഭിക്കും. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹം, മൂന്നാം സമ്മാനത്തുക 90,000, നാലാം സമ്മാനം 80,000, അഞ്ചാം സമ്മാനം 70,000, ആറാം സമ്മാനത്തുക 60,000, ഏഴാം സമ്മാനം  50,000,  എട്ടാം സമ്മാനം  40,000, ഒമ്പതാം സമ്മാനം 30,000 , പത്താം സമ്മാനത്തുക 20,000 ദിർഹം എന്നിവ പ്രഖ്യാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe