എവറസ്റ്റ് കൊടുമുടിക്ക് സമീപം ആറുപേരുമായി യാത്ര തിരിച്ച ഹെലികോപ്ടർ കാണാതായി, തിരച്ചിൽ തുടരുന്നു

news image
Jul 11, 2023, 10:40 am GMT+0000 payyolionline.in

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിക്ക് സമീപം അഞ്ച് മെക്‌സിക്കൻ പൗരന്മാരുൾപ്പെടെ ആറ് പേരുമായി സ്വകാര്യ ഹെലികോപ്റ്റർ കാണാതായതായി നേപ്പാൾ വ്യോമയാന അധികൃതർ അറിയിച്ചു. മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് കാണാതായത്. സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടു. എന്നാൽ, 10:13 ന് 12,000 അടി ഉയരത്തിൽ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെട്ടതായി ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് (ടിഐഎ) മാനേജർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു

 

ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാർ അഞ്ച് മെക്‌സിക്കൻ പൗരന്മാരാണെന്നും ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും പൈലറ്റ് സീനിയർ ക്യാപ്റ്റൻ ചേത് ബി ഗുരുങ്ങാണെന്നും ഹിമാലയൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഏറെ നേരമായി ഹെലികോപ്റ്റർ സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് ടിഐഎ വക്താവ് ടെക്‌നാഥ് സിതൗള മൈ റിപ്പബ്ലിക്ക ന്യൂസ് വെബ്‌സൈറ്റിനോട് പറഞ്ഞു. ലംജുറ ചുരത്തിൽ എത്തിയപ്പോൾ ഹെലികോപ്റ്ററിൽ നിന്ന് ‘ഹലോ’ സന്ദേശം മാത്രമേ ലഭിച്ചുള്ളൂ. പിന്നീട് വിവരമൊന്നുമില്ല. തിരച്ചിൽ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

1997-ൽ സ്ഥാപിതമായ മാനംഗ് എയർ കാഠ്മണ്ഡു ആസ്ഥാനമായുള്ള ഹെലികോപ്റ്റർ എയർലൈനാണ്. നേപ്പാളിലെ റെഗുലേഷൻ ഓഫ് സിവിൽ ഏവിയേഷൻ  അതോറിറ്റിയുടെ കീഴിൽ നേപ്പാളിനുള്ളിൽ വാണിജ്യ വ്യോമഗതാഗതത്തിനാണ് ഹെലികോപ്റ്ററുകൾ ഉപയോ​ഗിക്കുന്നത്. കമ്പനി ചാർട്ടേഡ് സേവനങ്ങൾ നൽകുകയും സാഹസിക, ഉല്ലാസയാത്രകൾക്ക് ഹെലികോപ്ടറുകൾ വിട്ടുനൽകാറുണ്ടെന്നും അധികൃതർ അറിയിച്ചു.

 

ഹിമാലയൻ താഴ്വരകളിലും ഉത്തരേന്ത്യയിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിട‌ങ്ങളിൽ നിരവധി പേരാണ് മരിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലടക്കം മഴ കനത്തുപെയ്യുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe