വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയുടെ മൃതദേഹം കിട്ടി

news image
Jul 16, 2023, 5:03 am GMT+0000 payyolionline.in

വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. കൂടൽ കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച 3 മണിയോടെയാണ് അമ്മയും കുഞ്ഞും പുഴയിൽ ചാടിയത്. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്ന് അഞ്ചുവയസ്സുള്ള കുഞ്ഞുമായി അമ്മ പുഴയില്‍ ചാടിയത്. അമ്മയെ പുഴയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ദർശന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന എന്ന 32കാരി അഞ്ചുവയസ്സുകാരിയായ മകള്‍ ദക്ഷയെയും കൊണ്ട് പുഴയിലേക്ക് ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ദര്‍ശനയും മകളും പാത്തിക്കല്‍ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇവര്‍ പാലത്തിന് മുകളില്‍നിന്ന് ചാടുന്നത് സമീപത്തെ താമസക്കാരനായ നിഖില്‍ അറുപത് മീറ്ററോളം നീന്തി ദര്‍ശനയെ രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കണ്ടെത്താനായി കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന, ദേശീയദുരന്ത നിവാരണസേന (എന്‍.ഡി.ആര്‍.എഫ്.), കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വെണ്ണിയോട് ഡിഫന്‍സ് ടീം, പള്‍സ് എമര്‍ജന്‍സി ടീം, പനമരം സി.എച്ച്. റെസ്‌ക്യൂ ടീം, തുര്‍ക്കി ജീവന്‍രക്ഷാസമിതി എന്നിവര്‍ സംയുക്തമായി ഫൈബര്‍, ഡിങ്കി ബോട്ടുകളും നെറ്റും ഉപയോഗിച്ച് രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയിരുന്നു. ദര്‍ശന വിഷംകഴിച്ചതിനുശേഷമാണ് വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരത്തിലുള്ള പുഴയിലെത്തി കുഞ്ഞിനെയും എടുത്ത് ചാടിയത്. നാലുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ് ദക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe