കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര തുടരുന്നു. വൈകിട്ടോടെ യാത്ര കോട്ടയത്തെത്തും. തിരുനക്കര മൈതാനിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തെ തുടർന്ന് കോട്ടയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനത്തിന് ക്യു ഏർപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. നിലവിൽ വിലാപയാത്ര വെഞ്ഞാറമൂട് പിന്നിട്ടു. പലയിടങ്ങളിലും കാത്തുനിൽക്കുന്ന ജനത്തിരക്ക് മൂലം പതിയെയാണ് യാത്ര സഞ്ചരിക്കുന്നത്. യാത്ര കടന്നു പോകുന്നതിനാൽ എംസി റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ ബുധൻ ഉച്ചയ്ക്ക് 01.00 മണി മുതൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.
1. എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കൽകോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോവുക.
2. എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
3. നാഗമ്പടം പാലത്തുനിന്നും വരുന്ന വാഹനങ്ങൾ സിയേഴ്സ് ജംഗ്ഷൻ, നാഗമ്പടം ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എം എൽ റോഡ് കോടിമത ഭാഗത്തേക്ക് പോവുക.
4. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷൻ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോവുക.
5. നാഗമ്പടം സ്റ്റാന്റിൽ നിന്നും കാരാപ്പുഴ, തിരുവാതുക്കൽ,ഇല്ലിക്കൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ബേക്കർ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കുപോവുക.
6. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
1 ) തിരുനക്കര അമ്പലം മൈതാനം ( ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ മാത്രം )
2 ) തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനം ( കാർ മുതലായ ചെറു വാഹനങ്ങൾ )
3 ) സി.എം.എസ് കോളേജ് റോഡ് ( കാർ മുതലായ ചെറു വാഹനങ്ങൾ )
4 ) തിരുനക്കര ബസ് സ്റ്റാൻഡ് ( കാർ മുതലായ ചെറു വാഹനങ്ങൾ )
5 ) ജെറുസലേം ചർച്ച് മൈതാനം ( കാർ മുതലായ ചെറു വാഹനങ്ങൾ )
6 ) കുര്യൻ ഉതുപ്പ് റോഡ് (ബസ് മുതലായവ )
7 ) ഈരയിൽക്കടവ് ബൈപാസ് ( ബസ് മുതലായവ )