തിരുവനന്തപുരം: കലാപകലുഷിതമായ മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ച് കേരളം. മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെമ്മിനെ സ്കൂളിൽ സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി. മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പം കേരളത്തിൽ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്. ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്തു.
ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. അങ്ങിനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ ചേർന്നു. ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂളിൽ എത്തി നേരിൽ കണ്ടു.
അതേസമയം കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.