തിരുവനന്തപുരം : കേരളത്തില്‍ ഉഷ്ണതരംഗം മൂലം മരിച്ചവരുടെ അതിശയിപ്പിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം 120 പേര് മരിച്ചതായാണ് കേന്ദ്ര ആരോഗ്യസഹമന്ത്രി സത്യപാല്‍ സിങ് ബഗേല്‍ ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലുള്ളത്. ജൂണ്‍ 30വരെയുള്ള കണക്കാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് കേരളത്തിലാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ രേഖകളിലൊന്നും ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മരണങ്ങളുടെ എണ്ണം സംബന്ധിച്ച് സംശയങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്. 2019ല്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തില്‍ ഒരാള്‍ മരിച്ചതായും മറുപടിയിലുണ്ട്. ഈ വര്‍ഷം ഗുജറാത്തില്‍ 35 പേര് ഉഷ്ണതരംഗത്തില്‍ മരിച്ചു. ഉഷ്ണതരംഗം പ്രതിരോധിക്കുന്നതിന് ദേശീയതലത്തില്‍ കര്‍മപദ്ധതി തയ്യാറാക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യസഹമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.