കൊച്ചി: ആശുപത്രി ഉടമയെ കള്ളകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടര വർഷം തടവും അമ്പതിനായിരം രൂപ പിഴയും. ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടർ കെകെ ദിനേശനെയാണ് കൊച്ചി സിബിഐ കോടതി ശിക്ഷിച്ചത്. അഴിമതി നിരോധന നിയമത്തിലെ രണ്ട് വകുപ്പുകളിലായി നാല് വർഷവും നാലര വർഷവുമാണ് തടവ്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കൊച്ചി സിബിഐ പ്രത്യേക കോടതി ജഡ്ജ് കെകെ ബാലകൃഷ്ണൻ വ്യക്തമാക്കി. മൂവാറ്റുപുഴയിലെ ഡോ. എസ് സബൈനിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ സിബിഐ പിടികൂടിയത്. 2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ 10 ലക്ഷം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.