പരപ്പനങ്ങാടി (മലപ്പുറം) ∙ ജീവിത പ്രാരബ്ധങ്ങളുടെ ഉപ്പുരസമുള്ള ചില്ലറത്തുട്ടുകൾ കൂട്ടിച്ചേർത്ത് 11 വനിതകളെടുത്ത ടിക്കറ്റിന് കേരള ലോട്ടറിയുടെ ബംപർ സമ്മാനം. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള മൺസൂൺ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമസേനാംഗങ്ങൾക്കാണ്.
പി.കാർത്യായനി, എം.പി.രാധ, ഷീജ മാഞ്ചേരി, പി.ചന്ദ്രിക, പാർവതി കുറുപ്പൻകണ്ടി, കുട്ടിമാളു ചെറുകുറ്റിയിൽ, ലക്ഷ്മി പുല്ലാഞ്ചേരി, ലീലാ ഭരതൻ, ശോഭാ കൂരിയിൽ, ബേബി ചെറുമണ്ണിൽ, കെ.ബിന്ദു എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണു സമ്മാനം. ഏജൻസി കമ്മിഷനും നികുതിയും കിഴിച്ചു ലഭിക്കുന്ന 6.3 കോടി രൂപ ഇവർ വീതിച്ചെടുക്കും.
വീടുകളിലെത്തി അജൈവ മാലിന്യം ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന ഹരിതകർമസേനയിൽ 3 വർഷമായി ജോലി ചെയ്യുന്ന എല്ലാവരും നഗരസഭാപരിധിയിൽ താമസക്കാരാണ്. മാസം 6,000 മുതൽ 7,000 രൂപവരെ മാത്രം വരുമാനമുള്ളവർ. മാലിന്യം വേർതിരിക്കുന്ന ജോലി ചെയ്യുന്നിടത്തെത്തിയ വിൽപനക്കാരനിൽനിന്നു കഴിഞ്ഞ മാസം 15ന് ആണ് ടിക്കറ്റെടുത്തത്. ‘ഞങ്ങളുടെ എല്ലാ ഭാഗ്യങ്ങൾക്കും കാരണം ഹരിതകർമസേനയാണ്. ലോട്ടറി അടിച്ചെങ്കിലും ഞങ്ങൾ ഈ ജോലി ഉപേക്ഷിക്കില്ല’. ബംപറടിച്ചതോടെ ലക്ഷാധിപതികളായി മാറിയ വനിതകൾ ഒറ്റസ്വരത്തിൽ പറയുന്നു.
25 രൂപ വീതം വീതം പങ്കുനൽകിയാണിവർ 250 രൂപയുടെ ടിക്കറ്റെടുത്തത്. 11 ൽ 2 പേർക്ക് പണം തികയാതെ വന്നപ്പോൾ അവർ പന്ത്രണ്ടര രൂപ വീതമെടുത്തു. രാധയാണ് ടിക്കറ്റ് സൂക്ഷിച്ചത്. വർഷങ്ങളായി കഠിനാധ്വാനം ചെയ്തിട്ടും ജീവിത പ്രാരബ്ധങ്ങൾ മാത്രം ബാക്കിയിരിപ്പായുള്ളവരാണു വിജയികളെല്ലാം. കാശെന്തു ചെയ്യുമെന്നു ചോദിച്ചാൽ ജീവിതം തൊടുന്ന ഉത്തരങ്ങളാണ് എല്ലാവർക്കും: ‘വീടൊന്നു നന്നാക്കണം, കടങ്ങൾ വീട്ടണം. ഭർത്താവിന്റെ, മക്കളുടെ ജീവിതപ്രയാസങ്ങളിൽ കൈത്താങ്ങാകണം…’ . ചിരിയും കളിയുമായി അഭിനന്ദനങ്ങൾക്കു നടുവിൽനിന്നു പിരിയുമ്പോൾ വിജയികൾ പരസ്പരം പറഞ്ഞു: ‘നാളെ പണിക്കുവരണേ… കാണണം…’