മുഖ്യമന്ത്രി സമാധാന അന്തരീക്ഷം തകർക്കാൻ കുടപിടിക്കുന്നു, കൊലവിളിക്കാർക്കെതിരെ കേസെടുക്കണം: സുധാകരൻ

news image
Jul 28, 2023, 10:14 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം തകരുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും കണ്ണൂർ എംപി കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി.

മൈക്ക് നിലവിളിച്ചാല്‍ കേസെടുക്കുന്ന പിണറായിയുടെ പോലീസ്, നാടിന്റെ സമാധാനം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്‌നത്തില്‍ സംസാരിച്ചതിന് തന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്ത പൊലീസ് ഇപ്പോൾ മൗനം ഭജിക്കുന്നത്. കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം – ബിജെപി നേതാക്കളുടെ കൊലവിളികൾക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നും കെ സുധാകരൻ വിമർശിച്ചു.

രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കം സിപിഎം -ബിജെപി അച്ചുതണ്ടിനുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അണികളെ ബലിനല്‍കി വളര്‍ന്ന പ്രസ്ഥാനങ്ങളാണ് സിപിഎമ്മും ബിജെപിയും. രണ്ട് പാർട്ടികളെയും നിലയ്ക്ക് നിര്‍ത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കാക്കിയും ലാത്തിയും ഉപേക്ഷിക്കുന്നതാണ് നല്ലത്. നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്ന ഭരണമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ വിഷയമായി ഉയര്‍ത്തി കൊണ്ടുവരുന്നവരുടെ ലക്ഷ്യം, നാടിനെ വിഭജിക്കുകയും ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് കലാപം സൃഷ്ടിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസംഗത്തിനെതിരായ പരോക്ഷ വിമർശനമായാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe