കോഴിക്കോട് : മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു റിമാന്റിൽ. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. 2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഇന്ന് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വെക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജാമ്യം വേണ്ടെന്ന നിലപാടെടുത്തതോടെയാണ് വാസുവിനെ കോടതി റിമാന്റ് ചെയ്തത്. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് വാസുവിനെതിരായി ലോംഗ് പെന്റിംഗ് വാറണ്ട് നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് വാസുവിനെ അറസ്റ്റ് ചെയ്തത്.