എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണമെന്നില്ലല്ലോ, അതിനുള്ള സമയവും കിട്ടിയിരുന്നില്ല: മന്ത്രി ആ‍ർ ബിന്ദു

news image
Jul 30, 2023, 1:29 pm GMT+0000 payyolionline.in

തൃശൂർ: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കാതിരുന്നതിൽ പ്രതികരണവുമായി  മന്ത്രി ആർ ബിന്ദു. ജില്ലയിലെ മന്ത്രി എത്തിയെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിരുന്നില്ലെന്നും അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചരണം നടത്തേണ്ടുന്ന സമയമാണിത്. പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.

സർക്കാർ കേരളത്തിൽ മദ്യം ഒഴുകുകയാണെന്നും ലഹരിയിൽ നിന്നും മോചനം ഇല്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ വീഴ്ച്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe