തിരുവനന്തപുരം: ആലുവയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 5 മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ പെണ്‍കുട്ടിയുടെ സംസ്കാരത്തിൽ മന്ത്രിമാരും പങ്കെടുത്തില്ലെന്ന വിമർശനം വ്യാപകമാവുന്നതിനിടെയിലാണ് ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ്. മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണ്?. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്. പെൺകുട്ടിയുടെ കുടുംബത്തെ ചേർത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ആലുവയിലെ കുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ വൻ രാഷ്ട്രീയ പോരാണ് ഉടലെടുത്തിരിക്കുന്നത്. പരസ്പരം പഴിചാരി രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള വിവിധ പാർട്ടികളുടെ മാർച്ചുകൾ നാളെ നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ചാണ് ഇടത് മുന്നണിയുടെ നഗരസഭയിലേക്കുള്ള മാർച്ച്. അതിനിടെ പ്രതിഷേധവുമായി ബിജെപിയും എസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവയിൽ കുട്ടിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് പ്രതിഷേധ മാർച്ചും വരുന്നത്.