യുപി-കേരളം താരതമ്യം നീചം, ശ്രമം യുപിയെ വെള്ള പൂശാൻ: കോൺഗ്രസ് നേതാക്കൾക്കെതിരെ മുഹമ്മദ് റിയാസ്

news image
Jul 31, 2023, 2:27 pm GMT+0000 payyolionline.in

കോഴിക്കോട്: യുപിയും കേരളവും ഒരുപോലെയായെന്നു പറയുന്നതിലൂടെ കോൺഗ്രസ് നേതാക്കന്മാർ ഉദ്ദേശിക്കുന്നത് യുപിയെ  വെള്ളപൂശാൻ ആണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു, യുപിയിൽ വർഗീയ കലാപങ്ങളും കൊലപാതകങ്ങളും നിരവധി നടക്കുന്നുണ്ട്. കേരളത്തിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ സർക്കാരും പൊലീസും കൃത്യമായി ഇടപെട്ട് നടപടി എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ആലുവയിൽ അഞ്ചു വയസുള്ള പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതിൽ നമുക്കെല്ലാം തീരാ വേദനയുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിക്കുക എന്ന നീചമായ പ്രവൃത്തിയാണ് പ്രതിപക്ഷം ചെയ്യുന്നത്. യുപിയെ കേരളവുമായി താരതമ്യം ചെയ്യുന്ന കോൺഗ്രസിന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. യുപിയിൽ ഉന്നാവോ സംഭവം നമ്മുടെ മുന്നിൽ ഉണ്ട്. അവിടെ ഇരയ്ക്കെതിരെ കേസെടുത്തു. ഇരയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി. കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിച്ചു.

അവസാനം കോടതി ഇടപെടേണ്ടി വന്നു. യുപിയിൽ യോഗിയുടെ ഫാസിസ്റ്റു ഭരണം ആണെന്ന് യുപിയിലെ കോൺഗ്രസും ഇന്ത്യയിലെ കോൺഗ്രസും പറയുന്നു. പോലീസിനെ ഉപയോഗിച്ച് അവിടെ എതിരാളികളെ അടിച്ചമർത്തുന്നു, വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു, വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുന്നു, ബലാത്സംഗങ്ങൾക്ക് എല്ലാവിധ സൗകര്യവും ഒരുക്കികൊടുക്കുന്നു, പ്രതികളുടെ പേരിൽ കേസെടുക്കുന്നില്ല. ബിജെപി നേതാക്കന്മാർക്കും എംഎൽഎമാർക്കും തോന്നിയതുപോലെ എന്തും പറയാം, എന്ത് വൃത്തികേടും ചെയ്യാം എന്ന് പറയുന്ന ഉത്തർപ്രദേശ് കേരളം പോലെയാണെന്ന പ്രസ്താവനയിലൂടെ യുപി സർക്കാരിനെയും ബിജെപിയുടെ ഫാസിസ്റ്റു പ്രവണതകേളയും വെള്ളപൂശുകയാണ് കേരളത്തിലെ കോൺഗ്രസ്.

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണത്തിന് കേരളത്തിലെ ജനങ്ങൾതന്നെ മറുപടി നൽകുന്നുണ്ട്. കേരളത്തിൽ ഓരോ മൂന്നു മണിക്കൂറിലും ഓരോ ബലാത്സംഗം നടക്കുന്നുണ്ടോ, കേരളത്തിൽ വർഗീയ കലാപങ്ങൾ ഇടവിട്ട് നടക്കുന്നുണ്ടോ. നീതിക്കുവേണ്ടി നില കൊണ്ടതിനു  ഒരു ഡസനിലധികം മാധ്യമ പ്രവർത്തകരെയാണ് യുപിയിൽ തല്ലിക്കൊന്നത്. കേരളത്തിൽ  അത് നടക്കുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. ആലുവയിൽ കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe