താനൂര് (മലപ്പുറം) : ലഹരിക്കേസിൽ പിടികൂടിയ പ്രതി താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ മരിച്ചു. തിരൂരങ്ങാടി മമ്പ്രം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി (30) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്തു. കസ്റ്റഡി മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് അറിയിച്ചു. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. ലഹരിമരുന്ന് കേസ് നാർക്കോട്ടിക്സ് ഡിവൈഎസ്പിയും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോർട്ട് നൽകി. ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടക്കും. തുടർന്ന് പൊലീസ് സർജന്റെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വച്ച് ഇന്നു പുലർച്ചെ 1.45നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലർച്ചെ 4 മണിക്ക് ഇയാൾ സ്റ്റേഷനിൽ തളർന്നു വീണതായി ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും ഡിവൈഎസ്പി പറഞ്ഞു. മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിക്കു മുന്നിൽ യൂത്ത് ലീഗ് പ്രവർത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്ന പ്രവർത്തകർ ആർഡിഒ എത്തിയപ്പോൾ തടയാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു.