കൽപറ്റ: വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവർക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കഴിഞ്ഞ മാസം 13നാണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശന(32), കീടനാശനി കഴിച്ചതിനു ശേഷം മകൾ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയിൽ ചാടി മരിച്ചത്. ഇതിനു പിന്നാലെ ദർശനയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയിരുന്നു. ദർശന 5 മാസം ഗർഭിണിയുമായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങൾക്ക് ശേഷമാണു ലഭിച്ചത്.
വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്നു മകൾക്ക് ഏൽക്കേണ്ടി വന്നതു കൊടിയ പീഡനമായിരുന്നുവെന്ന് ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 23നായിരുന്നു ദർശനയുടെ വിവാഹം. വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിയും മുൻപേ പ്രശ്നങ്ങൾ തുടങ്ങി. വിവാഹ സമ്മാനമായി നൽകിയ സ്വർണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണു പീഡനങ്ങളുടെ തുടക്കം. ഭർത്താവും പിതാവും ഈ കാര്യം ചോദിച്ചു പീഡിപ്പിക്കുന്നതു നിത്യ സംഭവമായിരുന്നു. ദർശന പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്ത വകയിൽ ലഭിച്ച തുക ഓംപ്രകാശിനു കാർ വാങ്ങാൻ നൽകാത്തതിലും പീഡനം തുടർന്നുവെന്നു ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചു.
വിവാഹ ബന്ധത്തിൽ നിന്നു പിന്മാറിയാൽ ദക്ഷയ്ക്ക് അച്ഛൻ നഷ്ടപ്പെടുമെന്ന ചിന്തയാണ് മകളെ ആ തീരുമാനത്തിൽ നിന്നു പിന്മാറ്റിയത്. ഇതിനിടയിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി 2 തവണ ഗർഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളർത്തിയിരുന്നു. ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് മകൾ ആത്മഹത്യയിൽ അഭയം തേടിയതെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.