തിരുവനന്തപുരം: എഐ ക്യാമറവഴിയുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനിമുതൽ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ല. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആഗസ്റ്റ് രണ്ടുവരെ 25. 81 കോടി രൂപയാണ് എഐ ക്യാമറ വഴിയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയിട്ടത്. പിരിഞ്ഞ് കിട്ടിയത് 3.37 കോടി രൂപയും. ചലാന്‍ ലഭിക്കുന്നവര്‍ പിഴയടയ്ക്കാന്‍ വിമുഖത കാട്ടുന്നതായി മൂന്നാം അവലോകന യോഗം വിലയിരുത്തി. ഇതോടെയാണ് പിഴ പിരിക്കാൻ പുതിയ നീക്കത്തിലേക്ക് കടക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്.
32,42,277 നിയമലംഘനങ്ങളാണ് എഐയില്‍ കുടുങ്ങിയത്. 3,23,604 പേര്‍ക്ക് ചലാന്‍ അയച്ചു. എംഎൽഎ, എംപി വാഹനങ്ങൾ ഉൾപ്പടെ നിയമം ലംഘിച്ച 328 സര്‍ക്കാര്‍ വാഹനങ്ങൾക്ക് പിഴ ചുമത്തി. കെല്‍ട്രോണുമായുള്ള സമഗ്ര കരാറിന്റെ കരടില്‍ ഈ മാസം 8നകം വ്യക്തത വരുത്താൻ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദേശം നല്കി.