ന്യൂഡൽഹി: വടക്കൻ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിന് റഡാർ സംവിധാനങ്ങൾ ഒന്നുമില്ലെന്നും കോഴിക്കോട്ട് റഡാർ സ്ഥാപിക്കാതെ കേരളമൊന്നാകെ കാലാവസ്ഥാ നിരീക്ഷണം നടത്താനാവില്ലെന്നും കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും നിലവിൽ റഡാർ സംവിധാനമുണ്ടെന്നും എ.എ റഹീം എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു മറുപടി നൽകി.
കോഴിക്കോട്ട് 100 കിലോമീറ്റർ പരിധിയുള്ള എക്സ്-ബാൻഡ് റഡാറും മംഗലാപുരത്ത് 250കിലോമീറ്റർ പരിധിയുള്ള സി-ബാൻഡ് റഡാറും സ്ഥാപിക്കാൻ മന്ത്രാലയം അംഗീകാരം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി. 2017ൽ കമീഷൻ ചെയ്ത കൊച്ചിയിലെ റഡാർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സാങ്കേതിക തകരാർ മൂലം 26 ദിവസവും അറ്റകുറ്റ പണി മൂലം അഞ്ച് ദിവസവും പ്രവർത്തിച്ചില്ലെന്നും മറുപടിയിലുണ്ട്.
2017 ലെ ഓഖി ചുഴലിക്കാറ്റിൽ 91 പേർ മരിക്കുകയും 150 ഓളം കുടുംബങ്ങൾക്ക് വാസസ്ഥലം നഷ്ടമാവുകയും 2018ലെയും 19ലെയും രണ്ട് പ്രളയങ്ങളിലായി 550ലധികം പേർ മരിക്കുകയും 44,000 കോടി രൂപയുടെ മുകളിൽ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത കേരളത്തിൽ പ്രകൃതി ക്ഷോഭ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ കടുത്ത അവഗണനയാണ് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് എ.എ റഹീം എം.പി പ്രതികരിച്ചു. ആധുനിക കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ല എന്നുള്ളതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഉത്തര -മധ്യ – ദക്ഷിണ കേരളത്തിനായി വെവ്വേറെ ആധുനിക ഡോപ്ളാർ റഡാറുകൾ അനിവാര്യമാണെന്നും റഹീം ചൂണ്ടിക്കാട്ടി.