വാഷിങ്ടൺ: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേസിൽ വിചാരണ തുടങ്ങും വരെയാണ് വിട്ടയച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദേശവും കോടതി നൽകിയിട്ടുണ്ട്. വൻ സുരക്ഷയിലാണ് ഫെഡറൽ കോടതിയിൽ ട്രംപ് ഹാജരായത്. തനിക്കെതിരായ നാലു കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും. അന്നു വിചാരണ തീയതി പ്രഖ്യാപിക്കും. കോടതി നടപടികൾക്ക് ശേഷം ‘അമേരിക്കയ്ക്ക് സങ്കടകരമായ ദിനമെന്ന്’ ട്രംപ് പ്രതികരിച്ചു. ട്രംപിനെതിരെ നാലു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.