കോഴിക്കോട്∙ കുറ്റ്യാടി സ്വദേശിനിയായ 23 വയസ്സുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മാവൂർ സ്വദേശിയായ മുഹമ്മദ് അമൽ ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അമലിനെതിരെ കേസെടുത്തത്.
കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ 23 വയസ്സുകാരിയെ ജൂലൈ 13നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിനൊപ്പം മേത്തോട്ടുതാഴത്തെ ഗണപതിക്കുന്നിനു സമീപത്തെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് യുവതി മരിച്ച നിലയിൽ കാണപ്പെട്ടത്.
യുവതിയുടെ പിതാവിൽനിന്നും ബന്ധുക്കളിൽനിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. യുവതിയുമായി ഒന്നര വർഷത്തെ പരിചയമുള്ള മുഹമ്മദ് അമൽ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചതായാണ് പിതാവ് പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അറിയിച്ചു. യുവതിയുടെ ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം സ്ഥലത്തുനിന്നു മാറ്റിയതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി – വർഗ സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നൽകിയിരുന്നു.
സംഭവത്തിൽ 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷൻ നോട്ടിസ് നൽകിയിരുന്നു. യുവതിക്കൊപ്പം താമസിച്ച മാവൂർ സ്വദേശിയായ വ്യക്തിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് നൽകിയ ഹർജിയിലാണ് കമ്മിഷൻ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് ആവശ്യപ്പെട്ടത്. തുടർന്നാണ് മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ച കേസ് അസിസ്റ്റന്റ് കമ്മിഷണർ നേരിട്ട് അന്വേഷിക്കുന്നത്.