തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടർ അനുമതിയില്ലാതെ പറന്നെന്ന വാദം അടിസ്ഥാന രഹിതം. പറക്കലിന് അനുമതിയുണ്ടായിരുന്നുവെന്ന് എടിസി (എയർ ട്രാഫിക് കൺട്രോളർ) അറിയിച്ചതായി പൊലീസ് റിപ്പോർട്ട് നൽകി. ക്ഷേത്രത്തിന് മുകളിലൂടെ സംശയാസ്പദമായി ഹെലികോപ്ടർ പറന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയത്. ക്ഷേത്രത്തിന്റെയൊ സുരക്ഷാ ഏജൻസിയുടെയോ അനുവദം കൂടാതെയാണ് ഹെലികോപ്ടർ പറത്തിയതെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ലംഘനമാണെന്നുമുള്ള കുമ്മനം രാജശേഖരന്റെ വാദം അസ്ഥാനത്താക്കുന്നതാണ് എടിസിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകിയിരിക്കുന്ന റിപ്പോർട്ട്.
എടിസി നൽകുന്ന വിവരമനുസരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്ടറുകൾക്കോ വിമാനങ്ങൾക്കാ പറക്കാൻ വിലക്കില്ല. ജൂലൈ 28ന് സ്വകാര്യ ഹെലികോപ്ടർ പറന്നത് എടിസി അനുമതിയോടെയാണ്. അഞ്ച് തവണ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ പറന്നുവെന്നാണ് കുമ്മനം രാജശേഖരൻ നൽകിയിരിക്കുന്ന പരാതി. എന്നാൽ ഒരുവട്ടം മാത്രമാണ് പറക്കൽ പാതയ്ക്ക് കീഴിലായി ക്ഷേത്രമുണ്ടായതെന്ന് സാങ്കേതിക വിദഗ്ധർ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്ടർ സഞ്ചാരം നിരോധിക്കണമെന്ന് ശുപാർശ
തിരുവനന്തപുരം: സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെയുള്ള ഹെലികോപ്ടർ സഞ്ചാരം നിരോധിക്കണമെന്ന് പൊലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി സി എച്ച് നാഗരാജുവാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ശുപാർശ കൈമാറിയിരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ സ്വത്ത് ശേഖരമുള്ള ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടറുകൾ പറത്തുന്നത് ഭാവിയിൽ സുരക്ഷാ ഭീഷണിക്ക് വഴിവെക്കുമെന്നതിനാൽ ഇക്കാര്യം പരിഗണിക്കണമെന്ന് ശുപാർശയിൽ പറയുന്നു. സംസ്ഥാന സർക്കാരിന് കൈമാറുന്ന ശുപാർശയിൽ വ്യോമയാന മന്ത്രാലയത്തിന്റെ സാങ്കേതിക പരിശോധനകൾക്ക് ശേഷമേ തീരുമാനമെടുക്കാനാവൂ.