ദേശീയപാത വികസനം: സംസ്ഥാനം ഇനി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിഹിതം നൽകേണ്ട

news image
Aug 6, 2023, 7:50 am GMT+0000 payyolionline.in

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇനിയുള്ള പദ്ധതികൾക്കൊന്നും സംസ്ഥാനം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കേണ്ട. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. ആദ്യഘട്ടമെന്നോണം  എറണാകുളം ബൈപാസ്‌, കൊല്ലം–-ചെങ്കോട്ട പാതകൾക്കാണ് സംസ്ഥാന വിഹിതം ഒഴിവാക്കിയത്.

മൈസൂർ –-മലപ്പുറം ദേശീയപാത  ഉൾപ്പെടെ വരാനിരിക്കുന്ന പദ്ധതികൾക്ക്  ഇത് ബാധകമാകുമെന്നാണ് വിവരം. പകരം സംസ്ഥാന ജിഎസ്‌ടിയിൽനിന്നും സാമഗ്രികളുടെ സംഭരണത്തിന്റെ റോയൽറ്റിയിൽനിന്നും ഇതിന്റെ നിർമാണപ്രവർത്തനങ്ങളെ ഒഴിവാക്കും. എന്നാൽ ഔട്ടർ റിങ്‌ റോഡിന്റെ (ദേശീയപാത 866) വിഹിതം സംബന്ധിച്ച് തീരുമാനമായില്ല. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും വിശദമായ ചർച്ച നടത്തും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നികുതിയും റോയൽറ്റിയും ഒഴിവാക്കുന്നതിലൂടെ  എറണാകുളം ബൈപാസ്‌, കൊല്ലം–-ചെങ്കോട്ട പദ്ധതികളിൽനിന്ന് മാത്രം ഏകദേശം 750 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് ഇതിലൂടെ വരുമാന നഷ്ടമുണ്ടാകുന്നത്. ഔട്ടർ റിങ് റോഡ് കൂടി ഉൾപ്പെട്ടാൽ നഷ്ടം 1300 കോടി രൂപയോളം വരും.

വിഴിഞ്ഞം– നാവായിക്കുളം  ഔട്ടർ റിങ് റോഡ് (എൻഎച്ച് 866) സർവീസ് റോഡ് ഉൾപ്പെടെ 70 മീറ്ററിൽ ആറുവരിപ്പാതയായി നിർമിക്കാനാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ വേഗത്തിൽ ചരക്ക്‌ നീക്കാനുള്ള വലിയ സാധ്യതയാണ് റിങ് റോഡ് തുറക്കുന്നത്. അതിനാൽ, ആറുവരിപ്പാത നിർമിക്കുന്നതാണ് അനുയോജ്യമെന്നാണ് വിലയിരുത്തൽ. 45 മീറ്ററിൽ നാലുവരിപ്പാതയായി റോഡ് നിർമിക്കാനാണ് ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe