താനൂർ കസ്റ്റഡി മരണം; ശരീരത്തിൽ 21 മുറിവുകൾ, പൊലീസ് മർദനവും മരണത്തിന് കാരണം

news image
Aug 8, 2023, 11:01 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച് താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ നിരവധി പ്രശ്നങ്ങൾ കണ്ടെത്തി. ശ്വാസകോശത്തിൽ നീര് കെട്ടിയിരുന്നു. അതുപോലെ ഹൃദയ ധമനികൾക്കും തടസ്സമുണ്ടായിരുന്നു. ശരീരത്തിൽ 21 മുറിവുകളുണ്ടായിരുന്നു. ജിഫ്രിക്ക് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റിരുന്നു.  ഇടുപ്പിലും കാൽപാദത്തിലും കണംകാലിലും മർദ്ദനമേറ്റതായി കാണുന്നു. പൊലീസ് മർദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുപോലെ ആമാശയത്തിൽ രണ്ടു പാക്കറ്റുകളുണ്ടായിരുന്നു. ഒന്ന് പൊട്ടിയ നിലയിലായിരുന്നു.

ആരോപണ വിധേയരായ പോലീസുകാർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു. 8 പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി. താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ഇയാളുടെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം.

ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിർ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടി കൂടിയതെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരണം.

ആശുപത്രിയിൽ എത്തിച്ച്  അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമാണ്. പൊലീസ് നടപടിക്രമങ്ങളി‍ല്‍ വീഴ്ച ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി അറിയിച്ചു. അസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe