തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാർക്കും വിദ്യാർഥികൾക്കും പ്രത്യേക വാഹന സ്റ്റിക്കർ

news image
Aug 9, 2023, 3:24 pm GMT+0000 payyolionline.in

തിരുവനന്തപുരം: മെഡിക്കൽ കോളജ് ക്യാമ്പസിലെ അനധികൃത വാഹന പാർക്കിംഗ് തടയാൻ ജീവനക്കാർക്കും വിദ്യാർഥികൾക്കും സ്ഥാപനത്തിന്റെ ലോഗോയും ക്യു ആർ കോഡ് അധിഷ്ഠിതവുമായ പ്രത്യേക വാഹന സ്റ്റിക്കറുകൾ ഏർപ്പെടുത്തി. കാമ്പസിലെ നിശ്ചിത പാർക്കിങ് ഏരിയയിൽ നിർത്തിയിടുന്നതിനായി വാഹനങ്ങളിലെ വിൻഡ് ഷീൽഡിൽ പതിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മെഡിക്കൽ കോളജിന്റെ ലോഗോ ഉള്ള സ്ഥിക്കറുകൾ നിലവിലുണ്ടെങ്കിലും അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്റ്റിക്കർ നിർമ്മിക്കുന്ന സ്ഥാപനങ്ങളും വ്യാപാരികളും ഇത്തരം വ്യാജ സ്റ്റിക്കറുകൾ നിർമ്മിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരം വ്യാജ സ്റ്റിക്കറുകൾ വിവിധ സ്വകാര്യ വാഹനങ്ങളിൽ പതിച്ച് ജീവനക്കാരുടെ പാർക്കിങ് സ്ഥലത്ത് അനധികൃതമായി പാർക്ക് ചെയ്തും റോഡരികിൽ ഗതാഗതതടസ്സം സൃഷ്ടിക്കും വിധം അലക്ഷ്യമായി നിർത്തിയിടുന്നതും പതിവാണ്.

വ്യാജ സ്റ്റിക്കർ പതിച്ച വാഹനങ്ങളെ കണ്ടെത്താനും അനധികൃത പാർക്കിംഗ് നിരോധിക്കാനുമാണ് പ്രത്യേക സ്റ്റിക്കറുകൾ പുറത്തിറക്കുന്നതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ജീവനക്കാരും വിദ്യാർഥികളും കോളജിൽ നിന്നു ലഭിക്കുന്ന ക്യു ആർ കോഡ് അധിഷ്ഠിത സ്റ്റിക്കർ മാത്രം വാഹനങ്ങളിൽപതിക്കേണ്ടതാണ്. മറ്റുള്ള വാഹന തിരിച്ചറിയൽ സ്റ്റിക്കറുകളെല്ലാം അസാധുവാണെന്നും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe