ചെന്നൈ: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ആഗ്രഹിക്കുന്നവരോട് ആത്മഹത്യാ പ്രവണത കാണിക്കരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭ്യർഥിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നീറ്റ് തടസ്സങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന വിദ്യാർഥി ജഗദീശ്വരൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവ് ശെൽവകുമാറും ജീവനൊടുക്കിയ സംഭവത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരുടെയും വിയോഗത്തിൽ അനുശോചനം അറിയിച്ച സ്റ്റാലിൻ, അവരുടെ മരണം നീറ്റുമായി ബന്ധപ്പെട്ട അവസാനത്തേതാകട്ടെയെന്നും പ്രത്യാശിച്ചു. ‘ഒരു വിദ്യാർഥിയും ഒരു സാഹചര്യത്തിലും സ്വന്തം ജീവനെടുക്കാൻ ഒരിക്കലും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. നിങ്ങളുടെ വളർച്ചക്ക് തടസ്സമായ ‘നീറ്റ്’ റദ്ദാക്കപ്പെടും. ഈ ദിശയിലുള്ള നിയമപരമായ നടപടികൾക്കായി സംസ്ഥാന സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്’, സ്റ്റാലിൻ പറഞ്ഞു.
വിദ്യാര്‍ഥിയുടെയും പിതാവിന്റെയും മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. 2017ന് ശേഷം ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ പാസാകാന്‍ കഴിയാത്തതിന്റെ മാനസിക സംഘർഷത്തിൽ ജീവനൊടുക്കിയത്. തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കാനായി 2021ല്‍ ഡി.എം.കെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്.എന്‍. രവി ഒപ്പിടാന്‍ തയാറായിരുന്നില്ല. നീറ്റ് വിരുദ്ധ ബില്‍ ഒപ്പിടുന്ന പ്രശ്നമില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. രണ്ടാമത്തെ പ്രമേയം രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. നീറ്റ് ഏറെ ചെലവേറിയതും സമ്പന്നർക്ക് മാത്രം പ്രാപ്തമാകുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെന്നൈയിലെ ക്രോമപേട്ടക്ക് സമീപത്തെ കുറിഞ്ഞി സ്വദേശി എസ്. ജഗദീശ്വരന് (19) എന്ന വിദ്യാര്‍ഥി ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു വിദ്യാർഥി. മകന്റെ വിയോഗത്തെ തുടര്‍ന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പിതാവ് പി. ശെല്വകുമാര് മകന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി ഞായറാഴ്ച അർധരാത്രി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.