കോഴിക്കോട് ബസിന് മുകളിൽ യാത്രക്കാർ ; ജീവനക്കാരുടെ ലെെസന്‍സ് റദ്ദാക്കും

news image
Aug 14, 2023, 3:04 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് –-കിനാലൂർ റൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി ബസിനുമുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ്‌ നടത്തിയ  സ്വകാര്യബസ് ജീവനക്കാർക്കെതിരെ നടപടി. അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രെെവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. ഡ്രെെവറുടെയും കണ്ടക്ടറുടെയും ലെെസൻസ് റദ്ദാക്കുന്നതടക്കം കടുത്ത നടപടിയുണ്ടാവും.  ജീവനക്കാരോട് ബുധനാഴ്‌ച ആർടിഒ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ ബിജുമോൻ പറഞ്ഞു.

ഞായർ രാത്രിയാണ്‌ ‘നസീം’ ബസിനുമുകളിൽ അപകടകരമായ രീതിയിൽ ആളുകളെ കയറ്റി സർവീസ് നടത്തിയത്. രാത്രി ഒമ്പതരക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന ട്രിപ്പിൽ ബസിന്റെ മുകളിലും ഡോർ സ്റ്റെപ്പിലും ആളുകളെ കയറ്റിയിരുന്നു. ബസിന് പിന്നാലെ സഞ്ചരിച്ച കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. ബസിന്‌ മുകളിൽ ആളുകൾ കയറിയത് അറിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.

തൊട്ടുമുമ്പ് സർവീസ് നടത്തേണ്ട കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കൂടുതൽ യാത്രക്കാരുണ്ടായതെന്നും ഇവർ പറയുന്നു. കോഴിക്കോട് –-കിനാലൂർ റൂട്ടിലെ അവസാന സർവീസാണ്‌ നസീം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe