വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കും

news image
Aug 16, 2023, 2:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കെഎസ്ഇബി സർക്കാരിനെ  അറിയിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21 നു നൽകാൻ കെഎസ്ഇബി ചെയർമാന്  മന്ത്രി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നതിനാണ് തീരുമാനം. പവർകട്ട് വേണോയെന്ന് 21 ന് ശേഷവും തീരുമാനിക്കും.

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ല. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ നിരക്ക് വർദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെ എസ് ഇ ബിയാണ് ഇപ്പോൾ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.

നേരത്തെ ഫെബ്രുവരിയിലും വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. നാല് മാസത്തേക്കായിരുന്നു വർധനവ് ഉണ്ടായത് യുണിറ്റിന് 9 പൈസയുടെ വർധനവായിരുന്നു അന്ന് ഉണ്ടായത്. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനായിരുന്നു അന്ന് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപ പിരിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു കെ എസ് ഇ ബിക്ക് അന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷവും ജൂണിൽ യുണിറ്റിന് 25 പൈസ കെ എസ് ഇ ബി കൂട്ടിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe