തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം 22നു മുൻപ് ഒറ്റത്തവണയായി വിതരണം ചെയ്യുമെന്നും ഇതിന് സർക്കാർ ധനസഹായം നൽകുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ധന, ഗതാഗത, തൊഴിൽ മന്ത്രിമാർ നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇക്കാര്യമറിയിച്ചത്.
ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടക്കാൻ ഇടയാക്കരുതെന്നും 25നു മുൻപ് ജൂലൈയിലെ ശമ്പളം പൂർണമായും നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ജൂലൈയിലെ പെൻഷൻ നൽകുന്ന കാര്യവും സർക്കാർ അറിയിക്കണമെന്നു നിർദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ 21 ന് പരിഗണിക്കാൻ മാറ്റിയിരുന്നു.
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം അലവൻസ് 2750 രൂപ വീതം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇതിനായി 8 കോടി രൂപ വേണം. കഴിഞ്ഞതവണ ഓണം അലവൻസ് കൊടുത്തിരുന്നില്ല. ഇത്തവണ കുറച്ചെങ്കിലും നൽകാനാണ് ആലോചന. ഇന്നത്തെ ചർച്ചയിൽ ഇതിൽ തീരുമാനമുണ്ടാകും.