രാഹുൽ ഗാന്ധി പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിൽ തിരിച്ചെത്തി

news image
Aug 17, 2023, 4:57 am GMT+0000 payyolionline.in

ന്യൂഡൽഹി: പാർലമെന്റ് അംഗമായി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയെ പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ലോക്സഭ സ്പീക്കർ ഓം ബിർള നാമനിർദേശം ചെയ്തു. മാർച്ചിൽ അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ്, പ്രതിരോധ പാർലമെന്ററി പാനലിൽ അംഗമായിരുന്നു രാഹുൽ.

2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ‘മോദി’ കുടുംബപ്പേര് പരാമർശമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെയാണ് രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാൽ, സുപ്രീം കോടതി രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തതിനാൽ ഓഗസ്റ്റ് ഏഴിന് ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കുകയായിരുന്നു.

ലോക്‌സഭാ സ്പീക്കർ ഓം ബിർള ബുധനാഴ്ച വൈകുന്നേരം നാല് പ്രതിപക്ഷ എം.പിമാരെയാണ് വിവിധ പാർലമെന്ററി കമ്മിറ്റികളിലേക്ക് നാമനിർദ്ദേശം ചെയ്തത്. രാഹുലിനെ കൂടാതെ കോൺഗ്രസ് എം.പി അമർ സിങിനെയും പ്രതിരോധ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ.എ.പി എം.പി സുശീൽ കുമാർ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം എന്നിവയ്ക്കുള്ള കമ്മിറ്റിയിലേക്ക് ചേർത്തു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയ്ക്കുള്ള കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe