കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നാമനിർദേശ പത്രിക വെച്ച് പ്രാർത്ഥിച്ചു. ഇന്ന് രാവിലെ 11.30ഓടെയാണ് പത്രിക സമർപ്പിക്കുക. അതിന് മുന്നോടിയാണ് പിതാവിന്റെ കല്ലറിയിൽ പ്രാർത്ഥനക്കായി ചാണ്ടി ഉമ്മൻ എത്തിയത്.
തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവാണ് കൈമാറുക. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നൽകുന്നത്.
പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നൽകുന്നത്. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും.എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കളുടെ അകമ്പടിയോടെ കാൽനട ജാഥയായാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് നൽകിയത്.