കോഴിക്കോട് : ഭൂമി ഇടപാടിലും രേഖകൾ കൈമാറ്റം ചെയ്യുന്നതിലും വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ വേങ്ങേരി വില്ലേജ് ഓഫിസിലും ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് സ്പെഷൽ സെൽ എസ്പി കെ.പി.അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സിവിൽ സ്റ്റേഷൻ താലൂക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന വേങ്ങേരി വില്ലേജ് ഓഫിസിലും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നന്മണ്ട കുന്നത്തെരു എരമച്ചംകണ്ടി രാജേഷിന്റെ വീട്ടിലുമാണ് പരിശോധന.
രാവിലെ 6 ന് ആരംഭിച്ച പരിശോധനയിൽ വീട്ടിൽ നിന്നു രേഖകളില്ലാതെ സൂക്ഷിച്ച അര ലക്ഷത്തോളം രൂപയും ഭൂമി ഇടപാടു രേഖകളും കണ്ടെത്തി. ഇവ വിജിലൻസ് കസ്റ്റഡിയിലെടുത്തു. വില്ലേജ് ഓഫിസിൽ ഇയാളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. വില്ലേജ് പരിധിയിൽ ഭൂമിക്ക് രേഖ നൽകുന്നതിനും മറ്റു പരിശോധനക്കും ഭൂമി ഉടമകളിൽ നിന്നു കൂടുതൽ പണം വാങ്ങുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു.
ഭൂമി തരം മാറ്റുന്നതിന് ഉൾപ്പെടയുള്ള രേഖകൾ നിർമിച്ചു നൽകാൻ 20,000 രൂപയാണ് ഈടാക്കുന്നതെന്നാണ് വിജിലൻസിനു ലഭിച്ച വിവരം. രേഖകൾ പരിശോധിച്ച് ജീവനക്കാരനെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നു എസ്പി അറിയിച്ചു. രാവിലെ 6 ന് ആരംഭിച്ച പരിശോധന വൈകിട്ട് 4 ന് അവസാനിച്ചു. പരിശോധനയിൽ ഡിവൈഎസ്പി ശ്രീകുമാർ, ഇൻസ്പെക്ടർമാരായ രാജീവ്, സജീവൻ, ഷംജിത് ഖാൻ എന്നിവരും പങ്കെടുത്തു.