കാസർകോഡ്: പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർകോട് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹവിദ് ആണ് മരിച്ചത്. 18 വയസ്സായിരുന്നു. പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.
വൈകുന്നേരം നാലരയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു മുഹവിദ്. കൂടെ എട്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. മുഹവിദിന് നീന്തലറിയാമായിരുന്നുവെങ്കിലും കുളിക്കുന്നതിനിടെ വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും മുഹവിദിനെ കരക്കെത്തിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നാലാൾ താഴ്ച്ചയുള്ള കുളമാണെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഇഖ്ബാൽ- കൗലത്ത് എന്നിവരാണ് മാതാപിതാക്കൾ.