ന്യൂഡൽഹി ∙ ആധാർ പുതുക്കാൻ അനുബന്ധ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട് ഇമെയിൽ / വാട്സാപ് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോ ? സൂക്ഷിക്കുക, തട്ടിപ്പിനുള്ള ശ്രമമാകാം. ആധാർ പുതുക്കാൻ അനുബന്ധ രേഖകൾ ഇമെയിൽ / വാട്സാപ് വഴി ആവശ്യപ്പെടാറില്ലെന്ന് ആധാർ അതോറിറ്റി (യുഐഡിഎഐ) വ്യക്തമാക്കി. ആധാർ വെബ്സൈറ്റ് വഴിയോ ആധാർ കേന്ദ്രങ്ങൾ വഴിയോ മാത്രമേ പുതുക്കൽ സൗകര്യമുള്ളൂവെന്നും യുഐഡിഎഐ അറിയിച്ചു.
10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കണമെന്ന് നിർബന്ധമല്ലെങ്കിലും ഇതിന് യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വിവരശേഖരത്തിന്റെ കൃത്യത കൂട്ടുകയാണു ലക്ഷ്യം. യുഐഡിഎഐ പോർട്ടൽ വഴി രേഖകൾ സൗജന്യമായി പുതുക്കാൻ സെപ്റ്റംബർ 14 വരെയാണു സമയം. അക്ഷയ സെന്ററുകൾ അടക്കമുള്ള കേന്ദ്രങ്ങളിൽ 50 രൂപയാണു നിരക്ക്.