പേരൂർക്കട: പരിചയഭാവം നടിച്ച് വീട്ടിലെത്തിയശേഷം ഫോൺ ചെയ്യാനെന്ന വ്യാജേന മൊബൈൽ ഫോൺ കൈക്കലാക്കി മുങ്ങിയ സ്ത്രീയെ പേരൂർക്കട പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടി.
വിളപ്പിൽശാല കാക്കാമുകൾ കാവുംപുറം ഹൗസിങ് ബോർഡ് കോളനിയിൽ താമസിക്കുന്ന ലതയാണ് (44) പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കവടിയാർ പൈപ്പിൻമൂട് കെ.ജി.ആർ.എ 135 -എ മൈന ഭവനിൽ സിന്ധുവിന്റെ മകൾ ലക്ഷ്മിയുടെ ഐ ഫോൺ 13 സ്മാർട്ട് ഫോണാണ് കവർന്നത്. സിന്ധുവുമായി പരിചയമുണ്ടെന്ന വ്യാജേനയാണ് പ്രതി ലക്ഷ്മിയെ സമീപിച്ചത്. തനിക്ക് അത്യാവശ്യമായി ഫോൺ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഇവർ ഫോൺ കൈക്കലാക്കി. തുടർന്ന് ഫോൺ ചെയ്യുന്നതായി ഭാവിച്ച് വീട്ടിൽനിന്ന് പുറത്തേക്കിറങ്ങി നടക്കുകയായിരുന്നു. അൽപം അകലെയായപ്പോൾ ഇവർ ഫോണുമായി ഓടിമറഞ്ഞു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാവുംപുറം ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇവർക്കെതിരേ മലയിൻകീഴ്, വിളപ്പിൽശാല സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളുണ്ട്.
മോഷണമുതലും സിം കാർഡും ഉൾപ്പെടെ പൊലീസ് കണ്ടെത്തി. പേരൂർക്കട സി.ഐ വി. സൈജുനാഥ്, എസ്.ഐ വൈശാഖ് കൃഷ്ണൻ, എ.എസ്.ഐ സന്ധ്യ, സി.പി.ഒമാരായ പ്രശാന്ത്, അനിൽകുമാർ, ആദർശ്, ഷംല, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.