തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നു. പ്രീപ്രൈമറി മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന ഓരോ വിദ്യാർഥിയുടെയും വിശദ വിവരങ്ങൾ സ്കൂളുകളിൽനിന്നു തന്നെ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ UDISE+ പോർട്ടലിലേക്ക് നൽകാനാണു നിർദേശം. പേര് വിവരങ്ങൾക്കൊപ്പം യുഐഡി നമ്പർ, സമുദായം, സാമ്പത്തിക നില, ആരോഗ്യ വിവരങ്ങൾ, മുൻവർഷത്തെ പഠന വിവരങ്ങൾ, ലഭിച്ച ആനൂകൂല്യങ്ങൾ, രക്ഷിതാവിന്റെ ഫോൺ നമ്പർ, ഇ–മെയിൽ തുടങ്ങി 54 വിവരങ്ങൾ നൽകണം.
സംസ്ഥാനത്തെ അധ്യാപകരുടെയും സ്കൂളുകളുടെയും വിവരങ്ങൾ UDISE+ വഴി എല്ലാ വർഷവും കേന്ദ്രം ശേഖരിക്കാറുണ്ട്. പക്ഷേ, വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോദിച്ചിരുന്നില്ല. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 1 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ അടിസ്ഥാന വിവരങ്ങൾ കൈറ്റ് സമ്പൂർണ പോർട്ടൽ വഴിയും ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വിവരങ്ങൾ hscap പോർട്ടൽ വഴിയും ശേഖരിക്കാറുണ്ട്. പക്ഷേ ‘സമ്പൂർണ’യിൽ ശേഖരിക്കുന്നത് 20 വിവരങ്ങൾ മാത്രമാണ്. കേന്ദ്രം ആവശ്യപ്പെടുന്ന അധിക വിവരങ്ങൾ കൂടി സ്കൂളുകൾ ശേഖരിച്ചു നൽകേണ്ടിവരും. സംസ്ഥാനം ശേഖരിക്കാത്ത പ്രീപ്രൈമറി വിദ്യാർഥികളുടെ വിവരങ്ങളും നൽകണം. കഴിഞ്ഞ അധ്യയന വർഷം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളുടെ വിവരവും ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വിവരങ്ങൾ ആദ്യം നൽകാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള വിദ്യാഭ്യാസ പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കുന്ന ‘സമഗ്ര ശിക്ഷ കേരളം’ (എസ്എസ്കെ) വഴിയാണ് വിവരശേഖരണത്തിന്റെ ഏകോപനം.
സംസ്ഥാനത്തെ മറികടന്ന് കേന്ദ്രം
ഇതുവരെ വിദ്യാർഥികളുടെ എണ്ണം മാത്രമാണു സംസ്ഥാനം കേന്ദ്രത്തിനു നൽകിയിരുന്നത്. ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെ കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതികളിൽ കേരളം നൽകുന്ന കണക്കിനെ കേന്ദ്രം ചോദ്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ കേന്ദ്രം സ്കൂളുകളിൽനിന്നു തന്നെ ശേഖരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ കൈവശമുള്ളതിലും വിപുലമായ കുട്ടികളുടെ ഡേറ്റ കേന്ദ്രത്തിനു സ്വന്തമാകും. ഇതു സംസ്ഥാനത്തിനു മറ്റൊരു കുരുക്കാകുമോ എന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും കേന്ദ്ര പോർട്ടലിലേക്കു ശ്രദ്ധയോടെ വിവരങ്ങൾ കൈമാറാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിലൂടെ നിർദേശിച്ചിരിക്കുന്നത്.