മൂവാറ്റുപുഴ: ലഹരിമരുന്നു നൽകി മയക്കി സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പടി ആലിൻചുവട് മോളത്താൻ വീട്ടിൽ എം.എഫ്. ഷാഹുൽ (24), പെരുമ്പാവൂർ പുത്തൻവീട്ടിൽ ആഷ്ന ഷുക്കൂർ (23), ചെറുവട്ടൂർ സ്വദേശി സാദിക് മീരാൻ എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴയിലെ സ്കൂളിൽ പഠിക്കുന്ന 17കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. കഴിഞ്ഞ വർഷം മൂവാറ്റുപുഴയിലെ വീട്ടിൽനിന്ന് വിദ്യാർഥിനിയെ ആഷ്ന പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പെരുമ്പാവൂരിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. ലോഡ്ജിൽ ഉണ്ടായിരുന്ന ഷാഹുലും സാദിക് മീരാനും ചേർന്നു വിദ്യാർഥിനിയെ ലഹരി നൽകി ബലാത്സംഗത്തിനിരയാക്കി.
ഡി.വൈ.എസ്പി എസ്. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.