300 കോടിയുടെ ബാങ്ക് വെട്ടിപ്പ്: 36 സ്വത്തുക്കൾ മരവിപ്പിച്ചു, മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യും

news image
Aug 25, 2023, 2:52 am GMT+0000 payyolionline.in

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ ബെനാമി വായ്പയിൽ പലതും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണു നൽകിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെത്തി.

31ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മൊയ്തീനും ബാങ്കിന്റെ മുൻ മാനേജർ‍ ബിജു കരീമിനും ഇ ഡി സമൻസ് നൽ‍കി. പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന കാലത്തു ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതു മൊയ്തീനാണ്. ബാങ്കിൽ നിന്ന് ഇദ്ദേഹത്തിന്റെ അടുപ്പക്കാർക്ക് എങ്ങനെ പണം ലഭിച്ചു എന്നു മനസ്സിലാക്കാനാണു ചോദ്യം ചെയ്യൽ. ബാങ്ക് മാനേജർ ബിജുവും മൊയ്തീനുമായുള്ള ബന്ധത്തെക്കുറിച്ചും ഇ ഡിക്ക് അറിയേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) വകുപ്പനുസരിച്ചാണു മൊയ്തീന്റെയും മറ്റുള്ളവരുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയത്. പിഎംഎൽഎ കേസ് റജിസ്റ്റർ ചെയ്താൽ അറസ്റ്റ് ഒഴിവാക്കാനാകില്ല.

ബാങ്കിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ 300 കോടിയോളം രൂപയുടെ തട്ടിപ്പാണു നടത്തിയതെന്നാണു പരാതി. ഇതിലെ വായ്പത്തട്ടിപ്പു മാത്രമാണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്നത്. പണം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയതടക്കമുള്ള നിക്ഷേപത്തട്ടിപ്പുകൾ ഇതിനു പുറമേയാണ്.

ബാങ്ക് ഭരിച്ചിരുന്ന രാഷട്രീയ പാർട്ടിയുടെ നേതാക്കൾക്കു തട്ടിപ്പിൽ പങ്കുണ്ടെന്ന്, സിപിഎം എന്നു പേരു പറയാതെ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ മൊയ്തീനെയും ബെനാമികളെയും ഒഴിവാക്കി, ഉദ്യോഗസ്ഥരെയും പ്രാദേശിക നേതാക്കളെയും മാത്രം പ്രതിയാക്കിയ ക്രൈംബ്രാഞ്ച് നടപടിയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

മൊയ്തീന്റെ 28 ലക്ഷത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനു പുറമേ 15 കോടിയോളം രൂപയുടെ മറ്റു 36 സ്വത്തുക്കളും ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. ഇടപാടുകളിലെ കമ്മിഷൻ ഏജന്റായ എ.കെ.ബിജോയിയുടെ 30 കോടിയുടെ സ്വത്തു നേരത്തെ മരവിപ്പിച്ചിരുന്നു. ഈ ബെനാമി സ്വത്തുവകകളിൽ മൊയ്തീനു പങ്കാളിത്തമുണ്ടോ എന്നാണ് ഇ ഡി ഇപ്പോൾ പരിശോധിക്കുന്നത്.

ബാങ്കിൽ അംഗങ്ങളായ പാവപ്പെട്ടവരുടെ സ്വത്ത് അവർ അറിയാതെ പണയപ്പെടുത്തി അംഗങ്ങളല്ലാത്ത ബെനാമികൾക്ക് ഏജന്റുമാർ വഴി വായ്പ നൽകുകയായിരുന്നുവെന്നു ഇ ഡി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഇതിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe