പ്രിഗോഷിന്‍റെ മരണം: 24 മണിക്കൂറിനുശേഷം മൗനം വെടിഞ്ഞ് പുടിൻ

news image
Aug 25, 2023, 7:22 am GMT+0000 payyolionline.in

മോസ്കോ: വാഗ്നർ കൂലിപ്പട മേധാവി യെവ്ഗെനി പ്രിഗോഷിന്‍റെ വിമാനപകട മരണത്തിൽ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. ‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ എന്നാണ് പുടിൻ പറഞ്ഞത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരുടെ കുടുംബങ്ങലെ തന്‍റെ അനുശോചനം അറിയിക്കുന്നതായും പുടിൻ പ്രസ്താവനയിൽ അറിയിച്ചു.

ചെറു യാത്രാ വിമാനം തകർന്നുവീണത് മുതൽ പ്രിഗോഷിൻ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. പിന്നീട് പെന്‍റഗൺ വക്താവാണ് പ്രിഗോഷിൻ പ്രസ്തുത അപകടത്തിൽ കൊല്ലപ്പെട്ടതായി കരുതുന്നു എന്ന് വ്യക്തമാക്കിയത്. ഇതോടെ, വിമാനപകടത്തിന്‍റെ കാരണങ്ങളെക്കുറിച്ചായി ചർച്ച. നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ മണിക്കൂറിൽ പ്രചരിച്ചത്. ബോംബ് വിമാനത്തിനുള്ളിലേക്ക് കടത്തി ആകാശത്തുവെച്ച് സ്ഫോടനം നടത്തി എന്നായിരുന്നു ഒരു റിപ്പോർട്ട്. എന്തുതന്നെയായാലും ഇതിനിടയിൽ പുടിന്‍റെ മൗനമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. തന്‍റെ കോപം ഏറ്റുവാങ്ങിയ പ്രിഗോഷിന്‍റെ മരണത്തിൽ ഒടുവിൽ പുടിന്‍റെ പ്രസ്താവന വന്നിരിക്കുകയാണ്.

പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ട് 6.19ഓടെയാണ് പ്രിഗോഷിൻ അടക്കം 10 പേർ സഞ്ചരിച്ചിരുന്ന എംബ്രായർ ലെഗസി 600 എക്സിക്യൂട്ടിവ് ജെറ്റ് തകർന്നുവീണത്. അതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ പറന്ന വിമാനം 30 സെക്കൻഡിനകമാണ് 28,000 അടിയിൽനിന്ന് കൂപ്പുകുത്തിയത്.

ജൂണിൽ പുടിനെ വിറപ്പിച്ച് മോസ്കോയിലേക്ക് പ്രിഗോഷിന്‍റെ വാഗ്നർ കൂലിപ്പട സൈനിക നീക്കം നടത്തിയരുന്നു. സൈനിക നീക്കത്തെ പിന്നിൽനിന്നുള്ള കുത്ത് എന്നും പ്രിഗോഷിനെ ഒറ്റുകാരൻ എന്നും പുടിൻ വിശേഷിപ്പിച്ചിരുന്നു. ബെലറൂസ് പ്രസിഡന്‍റ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് കൂലിപ്പടയാളികൾ പിൻവാങ്ങിയിരുന്നത്. പ്രിഗോഷിന് ബെലറൂസിൽ രാഷ്ട്രീയ അഭയവും നൽകിയിരുന്നു. ബെലറൂസിലേക്ക് പോകാൻ പ്രിഗോഷിൻ ഉപയോഗിച്ച അതേ വിമാനമാണ് തകർന്നുവീണത്.

പ്രിഗോഷിന്‍റെ മരണത്തിന്‍റെ ഊഹാപോഹങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ പുടിന്‍റെ 2018ലെ അഭിമുഖത്തിന്‍റെ ശകലം വൈറലായിരുന്നു. നിങ്ങൾ ക്ഷമിക്കുന്നയാളാണോയെന്നായിരുന്നു അഭിമുഖത്തിലെ ഒരു ചോദ്യം. എന്നാൽ, ‘എല്ലാവരോടും ക്ഷമിക്കില്ല, വഞ്ചന പൊറുക്കില്ല’ എന്നായിരുന്നു പുടിന്‍റെ മറുപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe